2010, ഏപ്രിൽ 23, വെള്ളിയാഴ്‌ച

പൂരം പൂർണമാക്കുന്ന ഘടകപൂരങ്ങൾ

36 മണിക്കൂർ ഇടതടവില്ലാതെ പെയ്യുന്ന വർണ്ണനാദവിസ്മയങ്ങളുടെ പെരുമഴയാണ് തൃശ്ശൂർപൂരം. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മുഖ്യഎഴുന്നള്ളിപ്പുകൾ മാത്രമായാൽ തൃശ്ശൂർപൂരമാകില്ല. പൂരത്തിന്റെ ചേരുവകൾ പൂർണ്ണമാകണമെങ്കിൽ ഇടവേളകൾ കൊഴുപ്പിക്കുന്ന എട്ടു ദേവീദേവന്മാരുടെ ഘടകപൂരങ്ങൾ കൂടി കൊട്ടിക്കയറണം. കണിമംഗലം ശാസ്താവ്, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, ചെമ്പൂക്കാവ് ഭഗവതി, അയ്യന്തോൾ ഭഗവതി, പനമുക്കുംപിള്ളി ശാസ്താവ് എന്നിവരാണ് വടക്കുന്നാഥനെ വണങ്ങാൻ പകലും പിന്നെ രാത്രിയും തിരുസന്നിധിയിലെത്തുക. ദേവീദേവന്മാരുടെ പൂരപ്പറമ്പിലൂടെയുള്ള ഈ കയറിയിറങ്ങൽ ആചാരപരമായ ഒരനിവാര്യത കൂടിയാണ്. അണുവിട വ്യത്യാസമില്ലാതെ ഒരനുഷ്ഠാനമായി ഇതിന്നും തുടരുന്നു.
      മേളപ്പെരുമയിലും ആനയുടെ എണ്ണത്തിലുമെല്ലാം ഘടകപൂരങ്ങൾ മുൻപന്തിയിൽതന്നെയാണ്. പഞ്ചവാദ്യവും, പഞ്ചാരിയും, പാണ്ടിയും നാദസ്വരവുമെല്ലാം ഘടകപൂരങ്ങളിലും പൂത്തുതളിർക്കും. ആനകൾ 14വരെ ഉള്ള എഴുന്നള്ളിപ്പുകൾ ഉണ്ട്. പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകളായതിനാൽ ഘടകപൂരങ്ങളിലെ ആനകളുടെ എണ്ണം 14 ആയി നിജപ്പെടുത്തിയിരിക്കുന്നു. ശിവസന്നിധിയിലെത്തി  തിരിച്ചുപോകുന്നതിന് ഓരോ പൂരത്തിനും സമയക്രമമുണ്ട്. ഊഴമനുസരിച്ച് വേണം കയറാനും ഇറങ്ങാനും. പ്രദക്ഷിണവഴിയും പൂരപ്പറമ്പും എപ്പോഴും ആഘോഷമായി കാണപ്പെടുന്നത് ഘടകപൂരങ്ങളുടെ സാന്നിധ്യംകൊണ്ടു കൂടിയാണ്


കടപ്പാട് :  http://www.nammudemalayalam.com/ സി.എ. മേനോൻ

 
മഞ്ഞും വെയിലുമേൽക്കാതെ കണിമംഗലം ശാസ്താവ്

       

കണിമംഗലം ശാസ്താവിനെ കണികണ്ടുകൊണ്ടാണ് തൃശ്ശൂർ പൂരം മിഴിതുറക്കുന്നത്. വടക്കുന്നാഥന്റെ പൂരവിശേഷവുമായി ആദ്യം മതിൽക്കകത്തു പ്രവേശിക്കാനുള്ള അവകാശം ശാസ്താവിന് വിധിച്ചു നല്കിയിരിക്കുന്നു. വെയിൽ മൂക്കുന്നതിന് മുൻപ് ശാസ്താവ് വന്നുപോകും. ഈ പോക്കുവരവിനും പ്രത്യേകതകൾ ഏറെ.
വർഷം മുഴുവനും അടച്ചിടുന്ന വടക്കുനാഥക്ഷേത്രത്തിന്റെ തെക്കേഗോപുരനട തുറന്നാണ് ശാസ്താവിന്റെ എഴുന്നള്ളത്ത്. പക്ഷേ അതിനും മുൻപേ നെയ്തലക്കാവ് ഭഗവതി തെക്കേഗോപരനട തുറന്നിട്ട് പൂരം വിളംബരം ചെയ്യാൻ വടക്കുന്നാഥസന്നിധിയിലെത്തിയിട്ടുണ്ടാകും. പൂരത്തലേന്നാളാണ് ഇതിനായി ഭഗവതി എഴുന്നള്ളുക. പൂരം മെനഞ്ഞെടുത്തപ്പോൾ ശക്തൻതമ്പുരാൻ പ്രത്യേകം അനുവദിച്ചു നൽകിയതാണ് നെയ്തലക്കാവ് ഭഗവതിക്ക് ഈ അവകാശം. കോവിലകത്തു കുടിയിരുത്തിയിരുന്ന പഴയന്നൂർഭഗവതിക്കൊപ്പം തന്നെ നെയ്തലക്കാവ് ഭഗവതിക്കും തമ്പുരാൻ സ്ഥാനം നൽകിയിരുന്നു.  
        രാവിലെ 7 മണിക്ക് പുറപ്പെടുന്ന ഭഗവതി നായ്ക്കനാലിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെ മൈതാനിയിൽ പ്രവേശിച്ച് തെക്കേഗോപുരത്തിന് മുന്നിലൂടെ ശ്രീമൂലസ്ഥാനത്തെത്തി പടിഞ്ഞാറെ ഗോപുരം വഴി അകത്ത് പ്രവേശിച്ച് വടക്കുന്നാഥനെ പ്രദക്ഷിണം ചെയ്ത് തെക്കേഗോപുരനടയിലെത്തുന്നു. ഭഗവതിയുടെ തിടമ്പേറ്റിയ ആന ഗോപുരവാതിൽ തള്ളുന്നതോടെ പൂരവാതിൽ തുറക്കുകയായി. തെക്കേഗോപുരനടയിറങ്ങി മേളത്തോടെ മണികണ്ഠനാലിൽനിന്ന് ശ്രീമൂലസ്ഥാനത്തെ നിലപാട് തറയിലെത്തി ശംഖ് വിളിച്ച് ദേശത്തെ പൂരവരവറിയിക്കുന്നു. പിന്നെ തിരുവമ്പാടിയിലേക്ക്.
തപസ്സുചെയ്യുന്ന രൂപത്തിലുള്ള കണിമംഗലം ശാസ്താവിന്റെ പ്രതിഷ്ഠ ദേവഗുരു ബൃഹസ്പതി നടത്തിയതാണെന്നാണ് വിശ്വാസം.
        പൂരം ദിവസം വെളുപ്പിന് 4 മണിയോടെ 5 ആനകളുടെ അകമ്പടിയോടെയാണ് ശാസ്താവിന്റെ പുറപ്പാട്. അകമ്പടിയായി നടപ്പാണ്ടിയും. വെളിയന്നൂരിലെത്തിയാൽ കുളശ്ശേരി ക്ഷേത്രത്തിൽ ഇറക്കിപ്പൂജ. അവിടുന്ന് പഞ്ചവാദ്യത്തോടെ 15 ആനകളുമായാണ് ശിവസന്നിധിയിലേക്ക് എഴുന്നള്ളത്ത്. തെക്കേഗോപുരം കടന്ന് അകത്ത് പ്രവേശിച്ച് ഇലഞ്ഞിത്തറയിലെത്തി മേളത്തോടെ പടിഞ്ഞാറെ ഗോപുരനട ഇറങ്ങുന്നു. ശ്രീമൂലസ്ഥാനത്ത് കാരമുക്ക് അഭിമുഖമായിനിന്ന് മേളം. വെയിൽ പരക്കും മുമ്പേ തിരിച്ചെഴുന്നള്ളും. രാത്രി കുളശ്ശേരി ക്ഷേത്രത്തിൽനിന്ന് എഴുന്നള്ളിപ്പ് ആവർത്തിക്കും. കുറുപ്പം റോഡ് വഴി മണികണ്ഠനാലിലെത്തി പടിഞ്ഞാട്ട് തിരിഞ്ഞ് നടുവിലാലിൽനിന്ന് ശ്രീമൂലസ്ഥാനത്തേക്ക്. പടിഞ്ഞാറെ നട വഴി ക്ഷേത്രത്തിൽ പ്രവേശിച്ച് വടക്കുന്നാഥനെ വണങ്ങി തെക്കേഗോപുരനട ഇറങ്ങുന്നു. ഇതോടെ തെക്കേഗോപുരവാതിൽ അടക്കും. ഇനി അടുത്ത പൂരത്തിനായി തുറക്കാൻ...
 9മണിയോടെ മടങ്ങും. കണിമംഗലത്ത് തിരിച്ചെത്തുന്നതുവരെ ക്ഷേത്രത്തിൽ പൂജയില്ല. പിറ്റേന്ന് ആറാട്ട് കഴിഞ്ഞ് ഉത്രം പാട്ടിനുശേഷം കൊടിമരം ആന വലിക്കുന്നു.

മിനി തെക്കോട്ടിറക്കവുമായി ചെമ്പൂക്കാവ്ഭഗവതി
       

ശാസ്താവിനു പിറകെ ചെമ്പൂക്കാവ് ഭഗവതിയാണ് എഴുന്നള്ളുക. അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെമ്പൂക്കാവ് ശ്രീ കാർത്ത്യായനി ക്ഷേത്രം. 108 ദുർഗാലയങ്ങളിൽ ഒന്ന്. ആര്യന്മാരുടെ ആഗമനത്തിന് മുമ്പ് ജൈനക്ഷേത്രമായിരുന്നു ഇതെന്ന് പറയപ്പെടുന്നു. ജൈനരുടെ പത്മദേവിയായിരുന്നുവത്രെ പ്രതിഷ്ഠ. പഴയ പാലി ലിപിയിലുള്ള ചില ലിഖിതങ്ങൾ മുഖമണ്ഡപത്തിൽ കാണാൻ കഴിയും. പിന്നീട് കാർത്ത്യായനി സങ്കല്പത്തിൽ പൂജാവിധികളും ആരാധനയും നടത്തി വരുന്നു.
     പൂരദിവസം പുലർച്ചെ 3നാണ് ആറാട്ട്. 7മണിയോടെ മൂന്നാനകളുടെ അകമ്പടിയുമായി പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പാരംഭിക്കും. ചെമ്പൂക്കാവ് ടൗൺഹാൾ റോഡിൽ പറയെടുപ്പ്. പാറമേക്കാവ് ക്ഷേത്രത്തിനു മുമ്പിലൂടെ പൂരപ്പറമ്പിൽ പ്രവേശിച്ച് കിഴക്കേഗോപുരം വഴി ക്ഷേത്രമതിൽക്കകത്ത് പ്രവേശിക്കുന്നു. തെക്കേഗോപുരത്തിലെത്തിയാൽ പഞ്ചവാദ്യത്തിന് കലാശമാകും. തുടർന്ന് പഞ്ചാരിമേളത്തോടെ ഒരു മിനി തെക്കോട്ടിറക്കം നടത്തി പ്രദക്ഷിണവഴിയുടെ അതിർത്തിവരെ പോയി തിരികെ തെക്കേഗോപുരം കടന്ന് വടക്കുന്നാഥനെ പ്രദക്ഷിണംവെച്ച് പടിഞ്ഞാറെ ഗോപുരമിറങ്ങി ശ്രീമൂലസ്ഥാനത്ത് എത്തുന്നു. അവിടെ മേളം അവസാനിപ്പിച്ച് വടക്കോട്ടിറങ്ങി നായ്ക്കനാലിൽ എത്തി വടക്കേ പ്രദക്ഷിണവഴിയിലൂടെ റൗണ്ട് ചുറ്റി പാലസ് റോഡ് വഴി തിരിച്ച് 10മണിക്ക് ചെമ്പൂക്കാവ് ക്ഷേത്രത്തിൽ എത്തുന്നു. വേറെ ഒരു എഴുന്നള്ളിപ്പും വടക്കേ പ്രദക്ഷിണവഴി പോവുകയോ വരികയോ ചെയ്യാറില്ല. പഞ്ചാരിമേളത്തോടെയുള്ള എഴുന്നള്ളിപ്പും ചെമ്പൂക്കാവിനുമാത്രം സ്വന്തം. രാത്രി 8.30 മുതൽ 9.30വരെയാണ് പൂരം. നായ്ക്കനാലിൽനിന്ന് ശ്രീമൂലസ്ഥാനത്തേക്ക് പഞ്ചവാദ്യത്തോടെ എഴുന്നള്ളി പടിഞ്ഞാറെ നടയിലൂടെ കടന്ന് കിഴക്കേഗോപുരം ഇറങ്ങുന്നു.

പാറമേക്കാവിന്റെ പന്തലിൽ ആദ്യം  കാരമുക്ക് ഭഗവതി
     

അതിപുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം. വട്ടശ്രീകോവിൽ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. പ്രധാന പ്രതിഷ്ഠ ഭഗവതി. ശിവൻ, വിഷ്ണു, ഗണപതി, ബാലഗണപതി എന്നിവരേയും ക്ഷേത്രസമുച്ചയത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. അതിരാവിലെ നാദസ്വരവും ചെമ്പടയിൽ നടപ്പാണ്ടിയുമായി മൂന്നാനകളുടെ അകമ്പടിയോടെ ഭഗവതി പുറപ്പെടുന്നു. വഴിനീളെ പറയെടുത്ത് കുളശ്ശേരി ക്ഷേത്രനടയിലെത്തിയാൽ പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്. മണികണ്ഠനാലിലെ പാറമേക്കാവിന്റെ പന്തലിൽ ആദ്യം കയറുന്നത് കാരമുക്ക് ഭഗവതിയാണ്. മണികണ്ഠനാലിൽനിന്ന് വടക്കുന്നാഥസന്നിധിവരെ മേളത്തിന്റെ അകമ്പടി. മുഖ്യ എഴുന്നള്ളിപ്പിൽ 9 ആനകൾ നിരക്കുമെങ്കിലും വടക്കുന്നാഥന്റെ മതിൽക്കകത്ത് കടക്കുന്നത് ഒരാനമാത്രം. വടക്കുന്നാഥനെ വലംവെച്ച് തെക്കേഗോപുരനടയിറങ്ങി കുളശ്ശേരി ക്ഷേത്രത്തിലേക്ക്. 9.30ഓടെ പകൽപൂരത്തിൽനിന്ന് വിടവാങ്ങും. രാത്രി കുളശ്ശേരി ക്ഷേത്രത്തിൽനിന്നാണ് എഴുന്നള്ളിപ്പ്. 10മണിയോടെ മടക്കം. പിറ്റേന്ന് ഉത്രം വിളക്കിന് വലിയാലുക്കൽ ഭഗവതി ക്ഷേത്രത്തിലേക്ക് പാണ്ടിമേളത്തോടെ എഴുന്നള്ളിപ്പ്. പൂരദിവസം പുറപ്പെട്ടാൽ തിരിച്ചെത്തുംവരെ ക്ഷേത്രത്തിൽ പൂജകളില്ല.

പനമുക്കംപിള്ളി ശാസ്താവിന്റെ എഴുന്നള്ളത്ത്
     

ഘടകപൂരങ്ങളിൽ പങ്കാളിയായിരുന്ന പനയ്ക്കാംപിള്ളി ശാസ്താവ് ദീർഘകാലം എഴുന്നളളിപ്പിൽനിന്ന് വിട്ടുനിന്നിരുന്നുവെങ്കിലും 1996ൽ പുനരാരംഭിച്ചു. രാത്രി കിഴക്കേഗോപുരത്തിലൂടെ പ്രവേശിക്കുന്ന ഏകഘടകപൂരമാണിത്. പൂരദിവസം മൂന്നാനപ്പുറത്ത് എഴുന്നള്ളിപ്പ് ആരംഭിച്ച് കിഴക്കുംപാട്ടുകര ജംഗ്ഷൻ വഴി കിഴക്കേകോട്ട കടന്ന് കോളേജ് റോഡിലൂടെ ജില്ലാആശുപത്രി ജംഗ്ഷനിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് പാറമേക്കാവ് ക്ഷേത്രത്തിനുമുന്നിലൂടെ വടക്കുന്നാഥന്റെ കിഴക്കേഗോപുരനട കടന്ന് വടക്കുന്നാഥനെ വണങ്ങി തെക്കേഗോപുരം ഇറങ്ങുന്നു. രാത്രി 7.30നു മൂന്ന് ഗജവീരന്മാരും പഞ്ചവാദ്യം, നാദസ്വരം എന്നിവയോടുകൂടി എഴുന്നള്ളി സൂര്യഗ്രാമം വഴി കിഴക്കുംപാട്ടുകര ജംഗ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് കിഴക്കേകോട്ട വഴി കോളേജ് റോഡിലൂടെ പാറമേക്കാവ് ക്ഷേത്രത്തിന്റെ മുന്നിലൂടെ കിഴക്കേഗോപുരം വഴി വടക്കുന്നാഥനിൽ പ്രവേശിക്കുന്നു.
       പത്മാസനത്തിൽ അമൃതകുംഭവും വഹിച്ച് ധ്യാനനിരതനായി ഇരിക്കുന്ന അയ്യപ്പന്റെ അപൂർവ്വ പ്രതിഷ്ഠയാണ് പനയ്ക്കാംപിള്ളി ക്ഷേത്രത്തിലുള്ളത്.

അഞ്ചാം ഊഴം ലാലൂർ ഭഗവതിക്ക്

   

തൃശ്ശൂർപൂരത്തിന് ആദ്യം കൊടികയറുന്ന ഏകക്ഷേത്രമാണ് ലാലൂർ ഭഗവതിയുടേത്. കൊടിയേറിക്കഴിഞ്ഞാൽ പൂരംവരെയുള്ള ഏഴുദിവസം ആറാട്ടുണ്ടാകും. മൂന്നുദിവസം പറയെടുപ്പ്. ശിവസന്നിധിയിലേക്കുള്ള പൂരം പുറപ്പാട് രാവിലെ 6.30നാണ്. മൂന്നാനപ്പുറത്ത് നടപ്പാണ്ടിയോടെ തുടക്കം. പകൽ കാഞ്ഞാണി റോഡിലൂടെ പടിഞ്ഞാറെ കോട്ട വഴി പഞ്ചവാദ്യത്തോടെ എഴുന്നള്ളും. നടുവിലാലിൽ ആനകൾ ഒമ്പതാകും. തുടർന്ന് മേളമാണ്. 9മണിക്ക് ശ്രീമൂലസ്ഥാനത്തെത്തി ഒരു മണിക്കൂർ മേളം നടത്തി വടക്കുന്നാഥനെ പ്രദക്ഷിണംവെച്ച് തെക്കേഗോപുരം ഇറങ്ങി മടങ്ങിപ്പോകും. രാത്രിയിൽ അരണാട്ടുകര വഴി പടിഞ്ഞാറെകോട്ടയിലൂടെ എഴുന്നള്ളിപ്പ് ആവർത്തിക്കുമെങ്കിലും വടക്കുംനാഥന്റെ മതിൽക്കകത്ത് കടക്കില്ല. ശ്രീമൂലസ്ഥാനത്ത് കലാശംകൊട്ടി തിരിച്ചെഴുന്നള്ളും.

ആർഭാടത്തോടെ ചൂരക്കോട്ടുകാവ് ഭഗവതി
    

ചൂരക്കോട്ടുകാവ് ഭഗവതിയുടെ ആഗമനം ആർഭാടമായാണ്. ആനകളുടെ ബാഹുല്യംകൊണ്ടും ആചാരപ്രകാരമുള്ള ചടങ്ങുകളുടെ പ്രത്യേകതകൊണ്ടും മേളക്കാരുടെ എണ്ണംകൊണ്ടും ചൂരക്കോട്ടുകാവ് ഭഗവതിയുടെ പൂരം ശ്രദ്ധയാകർഷിക്കുന്നു. പൂരദിവസം നാദസ്വരത്തിന്റേയും നടപ്പാണ്ടിയുടേയും അകമ്പടിയോടെ പുറപ്പെട്ട് പൂങ്കുന്നം, കോട്ടപ്പുറം വഴി നടുവിലാലിൽ എത്തുന്നു. 14 ആനകളോടെ ശ്രീമൂലസ്ഥാനത്ത് മേളം. ഒരാന മാത്രം അകത്തു കടന്ന് ശ്രീവടക്കുന്നാഥനെ  പ്രദക്ഷിണം വെയ്ക്കും. കിഴക്കേഗോപുരം ഇറങ്ങി പാറമേക്കാവിലെത്തി ഇറക്കിപ്പൂജ. രാത്രിയിൽ പാറമേക്കാവിൽനിന്നാണ് എഴുന്നള്ളിപ്പ്. 10 മുതൽ 12വരെ.

പ്രൗഢഗംഭീരമായി അയ്യന്തോൾ ഭഗവതി
      

പ്രൗഢിയാർന്ന പുറപ്പാടാണ് അടുത്ത ഊഴമായ അയ്യന്തോൾ ഭഗവതിയുടേത്. പരശുരാമൻ പ്രതിഷ്ഠ നടത്തിയതായി വിശ്വസിക്കുന്ന ക്ഷേത്രം 108 ദുർഗാലയങ്ങളിൽ ഒന്നാണ്.
മൂന്നാനകളുടേയും പഞ്ചവാദ്യത്തിന്റേയും അകമ്പടിയോടെ വഴിനീളെ പറകൾ സ്വീകരിച്ചാണ് ശിവസന്നിധിയിലേക്ക് എഴുന്നള്ളത്ത്. നടപ്പാണ്ടിയോടെ രാവിലെ 6ന് നിരക്കുന്ന പൂരം തെക്കേറോഡുവഴി കളക്ട്രേറ്റിനു മുന്നിലൂടെ എം.ജി. റോഡിലേക്ക് നീങ്ങുന്നു. നടുവിലാലിലെത്തുമ്പോൾ ആനകൾ 12 ആകും. തുടർന്ന് മേളത്തിന്റെ അകമ്പടി.
മൂന്നാനകൾ മാത്രമാണ് മതിൽക്കകത്ത് കടക്കുക. പിന്നെ തെക്കേഗോപുരമിറങ്ങി, കോർപ്പറേഷനുമുന്നിലുള്ള ശക്തൻ തമ്പുരാന്റെ പ്രതിമ പ്രദക്ഷിണം ചെയ്ത് പ്രദക്ഷിണവഴിയിലൂടെ അയ്യന്തോളിലേക്ക് മടക്കയാത്ര. എഴുന്നള്ളിപ്പ് രാത്രിയിലും ആവർത്തിക്കുന്നു. ഒരു വ്യത്യാസം മാത്രം. ക്ഷേത്രമതിൽക്കകത്ത് പ്രവേശിക്കില്ല. പകരം നിലപാട് തറയിൽ ഉപചാരം ചൊല്ലി പിരിയും. നടുവിൽ മഠത്തിലാണ് ഇറക്കിപ്പൂജയും വിശ്രമവും. പിറ്റെദിവസം പടിഞ്ഞാറെ ചിറയിലാണ് ആറാട്ട്. ശങ്കരൻകുളങ്ങര വഴി പുത്തൻവെട്ടുവഴിയിലൂടെയാണ് ഭഗവതിയുടെ മടക്കയാത്ര.രാത്രി എഴുന്നള്ളിപ്പ് പഴയനടക്കാവ് കാർത്ത്യായനി ക്ഷേത്രത്തിൽനിന്നു തുടങ്ങി എം.ജി.റോഡ് വഴിയാണ് ശ്രീമൂലസ്ഥാനത്തെത്തുക. രാത്രിയിലെ മേളം കഴിഞ്ഞാൽ വടക്കുന്നാഥക്ഷേത്രത്തിനകത്ത് കടക്കാതെ മടങ്ങും.

ഒടുവിൽ വന്നുപോകുന്നത് നെയ്തലക്കാവ് ഭഗവതി
     

പൂരത്തിലെ അവസാനത്തെ ചെറുപൂരമാണ് നൈതിലക്കാവ് ഭഗവതിയുടേത്. ഒമ്പത് ആനകളും മേളവുമായി പതിനൊന്നുമുതൽ ഒരു മണിവരെയാണ് നൈതിലക്കാവ് ഭഗവതിയുടെ പൂരം. ശ്രീമൂലസ്ഥാനത്ത് മേളം കലാശിച്ചാൽ 3 ആനകൾ വടക്കുന്നാഥന്റെ മതിൽക്കകത്ത് കടക്കും. പ്രദക്ഷിണം പൂർത്തിയാക്കി തെക്കേഗോപുരം വഴിയാണ് മടക്കം. ഗോപുരത്തിനുമുന്നിൽവെച്ച് കുഴൽപറ്റും ഗോപുരമിറങ്ങിയാൽ പുറത്തുവെച്ച് കൊമ്പുപറ്റും. പഴയനടക്കാവ് കാർത്ത്യായനി ക്ഷേത്രത്തിലാണ് ഇറക്കിപ്പൂജ.
പൂരം കൊടിയേറ്റത്തിലും നൈതിലക്കാവിലെ ചടങ്ങ് വ്യത്യസ്തമാണ്. രണ്ട് കൊടികൾ ഉയരും. ഒന്ന് ഭഗവതിക്ക്, രണ്ടാമത് അന്തിമഹാകാളന്. 



2 അഭിപ്രായങ്ങൾ:

 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 Unported License.