സംഭവബഹുലമായി ഇത്തവണത്തെ എന്‍റെ പൂരം.പൂരത്തിനു വിലങ്ങുതടിയായിനിന്നത് കാലിലെ അപ്രതീക്ഷിത നീരും.വിചാരിച്ച പോലെ പൂരം ആസ്വദിക്കാന്‍ കഴിഞ്ഞില്ല.ബ്ലോഗിങ് തുടങ്ങിയ ശേഷമുള്ള ആദ്യ പൂരം അങ്ങനെ അപൂര്‍ണ്ണമായിനില്ക്കുന്നു.ഞാന്‍ വിചാരിച്ചതിന്‍റെ 40% മാത്രമേ ബ്ലോഗ് ചെയ്യാന്‍ പറ്റിയുള്ളൂ എന്നതില്‍ ഖേദിക്കുന്നു.
രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു.കാലിലെ നീര് കാരണം കാര്യങ്ങളെല്ലാം പതുക്കെയാണ്.അനിയനിട്ടുതന്ന കാപ്പിയും കുടിച്ച് 6 മണിയോടെ അമ്പലത്തിലേക്ക് പുറപ്പെട്ടു.സൂര്യന്‍ ഉദിച്ചുതുടങ്ങിയിരുന്നു.6.30 ആണ് പൂരം പുറപ്പാട്.ഇക്കൊല്ലം എന്‍റെ അനിയനും പൂരത്തിനൊപ്പം നടക്കാനുണ്ട്.നാടുനീളെ ആവേശം വിതറി,വീടുവീടാന്തരം പറയെടുത്ത് ,പോകുന്ന വീഥികളെല്ലാം രാജവീഥികളാക്കി ചൂരക്കോട്ടു കാവ് ഭഗവതി ശക്തന്‍റെ തട്ടകത്തിലേക്ക് എഴുന്നള്ളുന്നു.ഭഗവതിക്ക് അകമ്പടിയായി നൂറുകണക്കിന് തട്ടകവാസികളും അനുഗമിക്കും.ഒരു ഗ്രാമം മുഴുവന്‍ പൂരം ആഘോഷിക്കാന്‍ തൃശ്ശിവ പേരൂരിലേക്ക്.വടക്കുനാഥന്‍റെ മണ്ണില്‍ ശ്രീമൂലസ്ഥാനത്ത്,പടിഞ്ഞാറെ നടയിലാണ് ഞങ്ങളുടെ പൂരം.
രാവിലെ ഞാന്‍ എത്തിയപ്പോള്‍ ആനയെ കുളിപ്പിച്ച് കൊണ്ടുവരുന്നേ ഉണ്ടായിരുന്നുള്ളൂ.ഉടയാടകള്‍ അണിയിച്ച് ആനയെ സുന്ദരനാക്കി.നെറ്റിപ്പട്ടവും കമ്പക്കയറും മണികോണ്ടുള്ളമാലയും അതിനുപുറമേ പൂകൊണ്ടൊരു കനത്തില്‍ സ്പെഷല്‍ മാലയും.ഒരു കൂറ്റന്‍ തിടമ്പും എത്തിയിട്ടുണ്ട്.അതില്‍ ദേവീ വിഗ്രഹം ഘടിപ്പിച്ച് ആനപ്പുറത്ത് എഴുന്നള്ളിക്കും.പുറപ്പാടിനുള്ള സമയം ആയി.വളരെ വലിയൊരു ഭക്ത ജനക്കൂട്ടം തന്നെ ഭഗവതിയെ യാത്രയാക്കാന്‍ എത്തിയിട്ടുണ്ട്.
കുറച്ച്ചരിത്റംചൂരക്കോട്ടുകാവിനെ കൂടാതെ,തൃശ്ശൂരിന്‍റെ സമീപഗ്രാമങ്ങളില്‍ നിന്നായി 7 ചെറു പൂരങ്ങള്‍ കൂടിയുണ്ട്.എല്ലായിടത്തും ഇതു പോലുള്ള ചടങ്ങുകള്‍ ഇപ്പോള്‍ നടക്കുന്നുണ്ടാവും.കണിമംഗലം ശാസ്താവ്,അയ്യന്തോള്‍ കാര്‍ത്ത്യായനീദേവി,ചെമ്പൂക്കാവ് കാര്‍ത്ത്യായനീ ദേവി,ലാലൂര്‍ കാര്‍ത്ത്യായനീ ദേവീ,കാരമുക്ക് പൂക്കാട്ടിക്കര ഭഗവതി,കിഴക്കും പാട്ടുകര പനമുക്കംപിള്ളി ശാസ്താവ്.കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി,എന്നീ ശാസ്താ-ഭഗവതിമാരാണ് ചൂരക്കോട്ടുകാവ് ഭഗവതിയെ കൂടാതെയുള്ള മറ്റു ഘടകപൂരങ്ങള്‍.തിരുവമ്പാടിയും പാറമേക്കാവും ആണ് തൃശ്ശൂര്‍ പൂരത്തിന് നായകത്ത്വം വഹിക്കുന്നത്.പണ്ട് ഈ പൂരം ആറാട്ടുപുഴ പൂരത്തിന്‍റെ ഭാഗമായിരുന്നു.ഭൂമിയിലെ ദേവസംഗമം എന്നറിയപ്പെടുന്ന, മീന ത്തിലെ പൂരം നാളിലെ, ആറാട്ടുപുഴപൂരത്തിന് 109 ഭഗവതിമാര്‍ എത്താറുണ്ടായിരുന്നു എന്താണ് പറയുന്നത്.കനത്ത മഴയും പ്രകൃതിക്ഷോപത്തേയും തുടര്‍ന്ന് തൃശ്ശിവ പേരൂര്‍ ഭാഗത്തുനിന്നുള്ള ഭഗവതി മാര്‍ക്ക് വൈകി ചെന്നതിനാല്‍ ആറാട്ടുപുഴപൂരത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല.അങ്ങനെ ഭഗവതിമാര്‍ മടങ്ങിപ്പോന്നപ്പോള്‍ അന്നത്തെ രാജാവായിരുന്ന,ശക്തന്‍ തമ്പുരാന്‍ ആറാട്ടുപുഴപൂരത്തിന്ന പങ്കെടുക്കാന്‍ കഴിയാതിരുന്ന ഭഗവതിമാര്‍ക്ക് സംഗമിക്കാന്‍ അടുത്ത മാസത്തെ, മേടത്തിലെ പൂരം നാളില്‍ വടക്കുനാഥന്‍റെ മണ്ണില്‍ അവസരമുണ്ടാക്കി.അതിനുവേണ്ടി അദ്ദേഹം ചിട്ടപ്പെടുത്തിയതാണ് ഇന്ന് കാണുന്ന തൃശ്ശൂര്‍ പൂരം.അതിനുശേഷം ഭഗവതിമാര്‍ ആറാട്ടുപുഴപൂരത്തിന് പോകേണ്ടെന്നും ഇവിടുത്തെ സംഗമത്തില്‍ പങ്കെടുത്താല്‍ മതിയെന്നും തിരുമാനിച്ചു.അങ്ങനെ തൃശ്ശൂര്‍ പൂരം പിറവികൊണ്ടു.
പൂരപ്പുറപ്പാട് തുടങ്ങി.അമ്പലം വലം വച്ച് യാത്രയായി.ഭഗവതി കടന്നുപോയിട്ടും എനിക്ക് ഒരടി നടക്കാന്‍ പറ്റുന്നില്ല.തലചുറ്റുന്നതുപോലെ.വേഗം ആല്‍ ത്തറയില്‍ കയറി ഇരുന്നു.10 മിനിറ്റോളം തല തരിച്ചപോലെയായി.അവിടെയുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്കെപ്പം എന്‍റെ വീട്ടിലേക്ക് നടന്നു.ഒരാളുടെ സഹായമില്ലാതെ നടക്കാന്‍ പറ്റില്ല.വീട്ടില്‍ ചെന്നതും ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങിപ്പോയി.അരമണിക്കൂറോളം ബോധം കെട്ട് ഒരു ഉറക്കം.പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റു.അപ്പോഴാണ് എന്താ സംഭവിച്ചത് എന്ന് മനസ്സിലാവുന്നത്.തൃശ്ശൂര്‍ പൂരം കൈവിട്ടുപോയി.
ടീവി വച്ചു നോക്കിയപ്പോള്‍ കണിമംഗലം ശാസ്താവ് ശ്രീമൂലസ്ഥാനത്ത് എത്തിയിട്ടുണ്ട്.ചാരുകസേരയില്‍ അങ്ങനെ കിടന്ന് ടീവികാണുമ്പോള്‍ പുറത്തേക്ക് നോക്കി.എല്ലാവരും സകുടുംബം പുറപ്പെട്ട് പൂരത്തിന് പോകുന്നു.ഞാനും ആ നിമിഷത്തില്‍ ആവേശമായി.വേഗം കിട്ടിയ മുണ്ടും ചുറ്റി,ഞൊണ്ടിയ കാലില്‍ തൃശ്ശൂര്‍ക്ക് യാത്രയായി. പൂരം കൊടിയേറ്റി,ആറുദിവസം ആറാട്ടിനും പോയി,എന്നിട്ട് പൂരത്തിന് പോകാന്‍ പറ്റിയില്ല എന്നായാല്‍ ഏത് തൃശ്ശൂര്‍ക്കാരനാ സഹിക്കുക.
കിട്ടിയ ബസ്സില്‍ കയറി.റൌണ്ടില്‍ വലിയ തിരക്കാവാത്തതിനാല്‍ അതുവഴി ബസ്സ് വിടുന്നുണ്ട്. നടുവിലാലില്‍ ബസ്സ് ഇറങ്ങി.അധികം നടക്കാതെ കഴിഞ്ഞു.
അവിടെയുള്ള പനയുടെ ചുവട്ടില്‍ കുറച്ചുനേരം ഇരുന്നു.അതുകഴിഞ്ഞ് CMS ലെ തിരുവമ്പാടി ചമയ പ്രദര്‍ശ്ശനത്തിന് പോയി.കുറെ നെറ്റിപ്പട്ടവും മറ്റും എടുത്തു പോയിട്ടുണ്ടായിരുന്നു.അനിയന്‍റെ കയ്യില്‍ മൊബെയില്‍ പെട്ടതിനാല്‍ ചിത്രങ്ങളെടുക്കാന്‍ കഴിഞ്ഞില്ല.ഇനി അവനെ കണ്ടെത്തണം.മൊബയില്‍ കയ്യിലില്ലാത്തത് കൂടുതല്‍ അസ്വസ്തനാക്കി.കുറച്ച് കൂട്ടുകാര്‍ വരുന്നുണ്ട്.ആരുടെയും നമ്പര്‍ അറിയില്ല.എല്ലാം മൊബയിലിലാണ്.ഞാന്‍ ഇവിടെ എത്തിയകാര്യം അനിയനും അറിയില്ല.പൂരപ്പറമ്പിലേക്ക് വരുന്നില്ല എന്നാണ് അവന് വിളിച്ചുപറഞ്ഞത്.ആകെ കുഴപ്പമായി.ഇപ്പോള്‍ വിളിച്ചിട്ട് അവന്‍ എടുക്കുന്നുമില്ല.
ഞങ്ങളുടെ പൂരമെത്തി.8 കിലോമീറ്ററോളം പിന്നിട്ട്,നൂറുകണക്കിന് പൂരപ്രേമികളുമായി,നാദസ്വരത്തിന്‍റെയും ചെമ്പടമേളത്തിന്‍റെയും അകമ്പടിയോടെ,വഴിയിലെയെല്ലാം പറയെടുത്ത് ശക്തന്‍റെ തട്ടകത്തില്‍,തൃശ്ശൂര്‍ പൂരത്തിന് എത്തി.
നടുവിലാലില്‍ ഉള്ള ഗണപതി പ്രതിഷ്ടയില്‍ ദേവിയെ ഇറക്കിവച്ചു.ഒമ്പതരയ്ക്കാണ് പൂരം തുടങ്ങാനുള്ള സമയം.കമ്മറ്റിക്കാരെല്ലാം ആനയെയും മേളക്കാരെയും എത്തിക്കാനുള്ള തിരക്കിലാണ്.ദേവസ്വത്തില്‍ നിന്നും തരുന്ന ലിസ്റ്റില്‍ ഉള്ള ആനകളെ തപ്പി എത്തിക്കണം.വളരെ ശ്രമകരമായ പരിപാടിയാണിത്.പല സ്ഥലങ്ങളിലായി ഇങ്ങനെ കിടക്കുന്നി ആനകളെ കണ്ടുപിടിച്ചെത്തിക്കാ ഞാനും ഉത്സാഹിക്കാറുള്ളതാണ്.ഇത്തവണ അതിനും സാധിച്ചില്ല.14 ആനകളോടെ യുള്ള ചെറുപൂരങ്ങളിലെ ഏറ്റവും വലിയ പൂരമാണ് ഞങ്ങളുടേത്.
കുട്ടനെല്ലൂര്‍ K.K.R പത്മനാഭന്‍ എന്ന ആനയാണ് തിടമ്പേറ്റിയത്.
പാണ്ടിയുടെ രസ താളത്തില്‍ തട്ടകവാസികള്‍ തിമര്‍ത്താടി. അനിയനെ അതിനിടയില്‍ കണ്ടെത്തി.ഹിരണും വിഷ്ണുവും വന്നിട്ടുണ്ടായിരുന്നു.അവര്‍ ആദ്യ മായാണ് പൂരത്തിന് വരുന്നത്.അവരെയും കൂട്ടിയാണ് മേളത്തിനെത്തിയത്.അവര്‍ക്ക് വളരെ ഇഷ്ടപ്പെട്ടു.ആളുകളില്‍ ആവേശത്തിരയിളക്കുന്നതില്‍ പാണ്ടിമേളം വിജയ്ക്കുന്നു.മധ്യകേരളത്തില്‍ മാത്രമാണ് ഉത്സവത്തിന് പാണ്ടി പ്രചാരത്തിലുള്ളത്.ബാക്കി എല്ലായിടത്തും പഞ്ചാരിമേളം ആണ്.ഉണ്ടെങ്കിലും ഈ അസുരവാദ്യം ക്ഷേത്രത്തിനകത്ത് കൊട്ടാറില്ല.തൃശ്ശൂര്‍ പൂരം പോലുള്ള അപൂര്‍വ്വ പൂരങ്ങളില്‍ മാത്രമാണ് ക്ഷേത്രത്തിനകത്ത് കൊട്ടൂ.പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം ഇതാണ്.
പൂരം കഴിഞ്ഞു.ആവേശകരമായ കലാശക്കൊട്ട്.ശ്രീ മൂലസ്ഥാനത്തിലെ നടയിലൂടെ ചെമ്പടക്കൊട്ടിക്കയറി വടക്കുന്നാഥനെ വലം വച്ച്,തെക്കേഗോപുരം വഴി തെക്കോട്ടിറക്കം ഇറങ്ങുന്നു.ആവേശത്തോടെ ആപ്പുവിളിച്ച് തെക്കോട്ടിറങ്ങുന്നതോടെ ഞങ്ങളുടെ പൂരം അവസാനിക്കുന്നു.അതുകഴിഞ്ഞ് നേരെ പാറമേക്കാവില്‍ ഇറക്കി പൂജ.ഈ ചടങ്ങു കളെല്ലാം രാത്രിയും ആവര്‍ത്തിക്കും.
ഒരുവിധം എല്ലാ ചാനലിന്‍റെ യും മീഡിയ വാനുകള്‍ എത്തിയിട്ടുണ്ട്.ചാനല്‍ പ്രളയം തന്നെയാണ്.CNN അടക്കമുള്ള ലോക മാദ്ധ്യമങ്ങള്‍ ഈ മനോഹരകാഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഈ തൃശ്ശിവ പേരൂരില്‍ എത്തിയിട്ടുണ്ട്.
ഭഗവതിയോട് വിട പറഞ്ഞ് ഞങ്ങള്‍ വീണ്ടും വടക്കുനാഥനുള്ളിലേക്ക് കയറി.ഒരു സുഹൃത്തിനെ കൂടി കയ്യില്‍ കിട്ടി,ശങ്കര്‍.
വടക്കുനാഥനുള്ളിലെ ഒരാല്‍ത്തറയില്‍ ഞാനും ഹിരണും വിഷ്ണുവും ശങ്കറും കുറെ നേരം ഇരുന്നു.പുതിയ ഇലഞ്ഞിമരവും കൂത്തമ്പവും വന്‍ ആല്‍മരങ്ങളും അങ്ങിങ്ങായുള്ള ദേവ പ്രതിഷ്ടകളും ഓടിനടക്കുന്ന ചാനല്‍പൂരക്കാരും കാക്കിപോലീസും വടക്കുന്നാഥനില്‍ അങ്ങനെ കാഴ്ചകണ്ടിങ്ങനെ വെറുതെ വിശ്രമിച്ചു.അടുത്ത പരിപാടിക്കുള്ള മുന്നൊരുക്കമായി.
അടുത്ത ലക്ഷ്യം മഠത്തില്‍ വരവാണ്.അന്നനട പരമേശ്വരന്‍മാരാരുടെ നേത്യത്ത്വത്തില്‍ കൊട്ടികയറുകയാണ്.കുറെ നേരം പഞ്ചവാദ്യത്തില്‍ ലയിച്ചിരുന്നു.അതുകഴിഞ്ഞ് അടുത്തു കണ്ടൊരു ഹോട്ടലില്‍ കയറി.ഉച്ചയായിട്ടും ഭക്ഷണശാലകളില്‍ തിരക്ക് കുറവാണ്.ഞാന്‍ ഒരു ലൈം ജൂസ് മാത്രമാണ് കുടിച്ചത്.
മറ്റൊരു സുഹൃത്തായ മനുവിനുവേണ്ടി കാത്തിരിയ്ക്കുകയാണ്.അവന്‍ വന്നാല്‍ പൂരം കാണാന്‍ വന്ന വരെ അവന്‍റെ കയ്യിലേല്‍പ്പിച്ച് അമ്മവീട്ടിലേക്ക് മടങ്ങണം.നല്ല ക്ഷീണമായി.കാലിന് സുഖമില്ലാത്ത തിനാല്‍ കൂട്ടുകാരുടെ തോളില്‍ താങ്ങി നടന്നാണ് ഇപ്രാവശ്യത്തെ പൂരം കണ്ടത്.അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.ഇനി രാത്രി യെത്താം എന്നു പറഞ്ഞ് മടങ്ങി.മനു എത്തി.കക്ഷി പത്മശ്രീ മട്ടന്നൂരിന്‍റെ ശിഷ്യനാണ്.അത്യാവശ്യം ഒഴിവുള്ളപ്പോള്‍ കൊട്ടാനും പോകുന്നുണ്ട്.പൂരം കാണാന്‍ വന്ന ഈ ഭാവി എഞ്ചിനിയറിങ് സംഘത്തിന്‍റെ ചുമതല അവനെ ഏല്പിച്ചു.ഇത്തവണത്തെ ആറാട്ടുപുഴ-പെരുവനം പൂരത്തിന് ഞങ്ങളൊരുമിച്ചാണ് പോയത്.
ഓട്ടോ പിടിച്ച് ചെമ്പൂക്കാലിലെ അമ്മവീട്ടിലെത്തി.ഒരുപാട് ബന്ധുക്കള്‍ എത്തിയിട്ടുണ്ട്. കാലില്‍ നീരുമായി പൂരത്തിനിറങ്ങിയ എന്നെ കണ്ട് അവര്‍ക്ക് സഹതാപവും കൌതുകവും അതേ സമയം അല്പം പുച്ഛവും തോന്നി.രണ്ടു കൊല്ലം അടുപ്പിച്ച് പൂരം കണ്ടാല്‍ മതിയാവും എന്നാണ് അവരുടെ പക്ഷം.12 കൊല്ലമായി പൂരത്തിനുവരുന്ന എനിക്ക് അങ്ങനെ തോനീട്ടില്ല.തൃശ്ശൂര്‍ പൂരത്തിന്‍റെ ആവേശവും ദൃശ്യഭംഗിയും മധുരിമയും ചാരുതയും എവിടെ കാണാനാവും.ഒരു പ്രാവശ്യം പൂരം കണ്ടാല്‍ അടുത്തപ്രവശ്യം അവിടെത്തന്നെ എത്തിക്കുന്നൊരു കാന്തികമായൊരു സ്വഭാവവും പൂരത്തിനുണ്ട്.
മയക്കത്തിനു ശേഷം ഇലഞ്ഞിത്തറ മേളവും തെക്കോട്ടിറക്കവും കുടമാറ്റവുമെല്ലാം ടീവില്‍ കണ്ടു.നേരില്‍ കാണുന്നത്ര രസമായില്ല.കുടമാറ്റത്തില്‍ ഒന്നാം സ്ഥാനം തിരുവമ്പാടി അടിച്ചെടുത്തു.സ്പെഷല്‍ കുടകളും നിലക്കുടകളുമായുള്ള ,ഇങ്ങനെ യുള്ള മത്സരസ്വഭാവ മാണ് ഈ പൂരത്തെ ഇത്ര ജനകീയമാക്കിയത്.തൃശ്ശൂര്‍ പൂരത്തിന് നിര്‍മ്മിച്ച ഈ 600 ല്‍ പരം കുടകളാണ് ഈ കൊല്ലത്തെ സമീപ ക്ഷേത്രങ്ങളിലെ പൂരത്തിനുപയോഗിക്കുന്നത്.
8 മണിയോടെ വീണ്ടും പൂരത്തിന് തയ്യാറായി.എന്‍റെ കറക്കത്തിന്‍റെ രണ്ടാമത്തെ ഫേസ് ഇവിടെ തുടങ്ങി.മനു വന്ന് എന്നെ പിക്ക് ചെയ്തു.വടക്കെസ്റ്റാന്‍റില്‍ ഹിരണ്‍ കാത്തുനില്പുണ്ടായിരുന്നു.
ആദ്യം ഞങ്ങള്‍ CMS ല്‍ പോയി.ആനകളെ കാണലാണ് മുഖ്യം.രാവിലത്തേക്കാള്‍ തിരക്ക് രാത്രി ആണെന്ന് തോന്നിപ്പോകും.ആനയ്ക്കുള്ള ചോറ് തയ്യാറാക്കി വച്ചിട്ടുണ്ട്.ഒരു മല പോലെ അത് കൂട്ടിയിട്ടിരിക്കുന്നു.
അതുകഴിഞ്ഞ് ചെറുപൂരങ്ങള്‍ കാണാനായി ശ്രീമൂലസ്ഥാനത്തേക്ക്.ചൂരക്കോട്ടുകാവിന്‍റെ തുടങ്ങാന്‍ ഇനിയും സമയമുണ്ട്.മനുവും ഹിരണും കൂടി പാര്‍മേക്കാവിലേക്ക് പോയി.വയ്യെന്നു തോന്നിയപ്പോള്‍ മാരാര്‍റോഡില്‍ മനുവിന് പരിചയമുള്ള ഒരു അമ്പലമുണ്ട്.പഴയനടക്കാവ് കാര്‍ത്ത്യായനീ ക്ഷേത്രം .അവിടെ പോയി ഇരുന്നു.രാത്രി മഠത്തില്‍ വരവ് കാണണം.കുറെയധികം മേളക്കാരും ഇവിടെ തമ്പടിച്ചിട്ടുണ്ട്.കുറച്ചുകഴിഞ്ഞപ്പോള്‍ ഒരാന അവിടെ വന്നു.ഒരു ഇന്‍സ്റ്റ് കുളിയും പാസാക്കി,നെറ്റിപ്പട്ടം കെട്ടി ഒരുങ്ങി.അപ്പോഴാണ് മനസ്സിലായത് കുറ്റൂര്‍ നെയ്തലക്കാല് ഭഗവതി അവിടെയാണ് ഇറക്കിവച്ചിരുന്നത്.രാത്രി പൂരത്തിനായി ഭഗവതി അവിടെ നിന്നും എഴുന്നള്ളി.
രാത്രിയിലെ മഠത്തില്‍ വരവ് തുടങ്ങി.പഞ്ചവാദ്യം എത്രകേട്ടാലും മതിയാവില്ല.അത്ര മധുരിതമാണ്.രാത്രി ആയതിനാല്‍ ഒട്ടുമിക്ക കാഴ്ചക്കാരും മദ്യലഹരിയിലാണ്.തീവെട്ടി പിടിക്കുന്നവര്‍ അത് കൈകാര്യം ചെയ്യുന്നതു കണ്ടപ്പോള്‍ പേടിച്ചു.നാലു കാലില്‍ നിന്നാണ് ആള്‍ക്കൂട്ടത്തില്‍ ഈ അഭ്യാസം.
അടുത്ത ലക്ഷ്യം വെടിക്കെട്ടാണ്.CMS ലേക്ക് വീണ്ടും.ഒന്നര മണിക്കൂറോളം നീണ്ട കാത്തിരിപ്പ്.റൌണ്ടിലെല്ലാം ആളുകള്‍ മുന്‍കൂട്ടിത്തന്നെ സ്ഥലം പിടിച്ചിട്ടുണ്ട്.തൃശ്ശൂര്‍ പൂരമെന്നാല്‍ മണ്ണിലും വിണ്ണിലു മായാണ് പൂരം.ആദ്യം കത്തിച്ചത് തിരുവമ്പാടിയാണ്.സാവധാനം കത്തിത്തുടങ്ങി പിന്നീട് ഉഗ്രതാണ്ഡവന്യത്തമാടി.CMSന്‍റെ ചില്ല് എല്ലാം ഒന്നഴിയാതെ പൊട്ടി.കൂട്ടപൊരിച്ചില്‍ നന്നായി കണ്ടു.വെടിക്കെട്ടിലും താളം കണ്ടെത്തി അതി നുസരിച്ച് കൈകൊണ്ട് താളം പിടിക്കുന്നവരാണ് തൃശ്ശൂര്‍ക്കാര്‍.ആയിരം സൂര്യന്‍മാര്‍ കത്തിയെരുന്നത് 25 മീറ്റര്‍ ദൂരെനിന്ന് കണ്ടു.അതിന്‍റെ തള്ളല്‍ പ്രകമ്പനം ആള്‍ക്കൂട്ടത്തെ പിന്നോട്ടടിക്കുന്നില്ല.അതിനൊപ്പം കത്തിയമരാന്‍ വെമ്പുന്നതു പോലെ കൂടുതല്‍ അടുത്തേയ്ക്ക് നീങ്ങുന്നു.പാറമേക്കാവാണ് വെടിക്കെട്ടില്‍ മികച്ചുനിന്നത്.നിയന്ത്രണങ്ങളുള്ളതിനാല്‍ ശബ്ദം കുറച്ച് വര്‍ണ്ണത്തിനു പ്രാധാന്യം കൊടുത്തിട്ടുണ്ട്.
കാലിലെ നീര് വല്ലാതെ കൂടി.നടക്കാന്‍ വയ്യ.മനു വീടുവരെ കൊണ്ടാക്കിതന്നു.പിന്നെ നീണ്ട ഒരു ഉറക്കം.രാവിലെ 10 മണിയോടെ എഴുന്നേറ്റു.ടീവി പൂരം കണ്ടു.പകല്‍ പൂരത്തിന് ഞാന്‍ പോകാറില്ല.ശ്രീ മൂലസ്ഥാനത്ത് പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ഭഗവതിയും ഉപചാരം ചൊല്ലി പിരിയുന്നതോടെ തൃശ്ശൂര്‍പൂരത്തിന് സമാപനമാകും.വളരെ വികാരപരമായ ഒരു ചടങ്ങാണിത്.അടുത്ത പൂരത്തിന്‍റെ കാത്തിരിപ്പ് ഇവിടെ തുടങ്ങുന്നു...
ചിത്രങ്ങള്‍ പുറകെ വരുന്നുണ്ട്.പൂരവിശേഷങ്ങള്‍ ഇത്ര വൈകിയത് ക്ഷമിക്കുക.BSNL ബ്രോഡ് ബാന്‍റ് മോഡം പണിമുടക്കാണ് കാരണം.
2009, മേയ് 8, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ചിത്രങ്ങള്‍ പുറകെ വരുന്നുണ്ട്.പൂരവിശേഷങ്ങള്‍ ഇത്ര വൈകിയത് ക്ഷമിക്കുക.BSNL ബ്രോഡ് ബാന്‍റ് മോഡം പണിമുടക്കാണ് കാരണം.
മറുപടിഇല്ലാതാക്കൂപൂര വിശേഷങ്ങള്‍ പങ്ക് വെച്ചതിന് നന്ദി. കൂടുതല്‍ വിശേഷങ്ങള്‍ക്ക് കാത്തിരിക്കുന്നു.
മറുപടിഇല്ലാതാക്കൂനന്ദി..
മറുപടിഇല്ലാതാക്കൂ